God Parashurama

ഭൃഗു വംശജനായ ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും മകനായിട്ടാണ് രാമൻ ജനിച്ചത്. ഭഗവാൻ ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തിയ രാമന് ശിവൻ സമ്മാനമായി നൽകിയതാണ് അദ്ദേഹത്തിൻറെ ആയുധമായ  'പരശു' അഥവാ മഴു. അത് ലഭിച്ചതോടുകൂടി അദ്ദേഹം പരശുരാമൻ എന്ന് അറിയപ്പെട്ടു തുടങ്ങി.

മാതാവിനോടും പിതാവിനോടും വലുതായ ഭക്തിയുള്ള ആളായിരുന്നു പരശുരാമൻ.
ഒരിക്കൽ ജലമെടുക്കാൻ പോയ മാതാവ് രേണുക മടങ്ങി വരാൻ വൈകിയതിൽ കോപിതനായ ജമദഗ്നി മഹർഷി, മക്കളോട് അമ്മയുടെ തലയറുക്കാൻ ആവശ്യപ്പെട്ടു. മറ്റു സഹോദരന്മാർ വിസമ്മതിച്ചപ്പോൾ പരശുരാമൻ പിതാവിന്റെ ആജ്ഞ അനുസരിച്ചു. എന്നാൽ ഇതിൽ പ്രീതനായ പിതാവിനോട് വരം ചോദിക്കാനുള്ള അവസരം വന്നപ്പോൾ, അമ്മയെ പുനർജീവിപ്പിക്കണം എന്നും ആ മരണം അമ്മ ഓർക്കരുത് എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഒരിക്കൽ ​ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനൻ എന്ന രാജാവ് ജമദഗ്നിയുടെ മഹർഷിയുടെ ആശ്രമത്തിലെ കാമധേനുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിൽ ക്രുദ്ധനായ പരശുരാമൻ രാജാവിനെ വധിച്ചു. ഇതിന് പ്രതികാരമായി രാജപുത്രന്മാർ ജമദഗ്നിയെ മഹർഷിയെ കൊലപ്പെടുത്തി. തന്റെ പിതാവിനെ കൊന്നവരോടുള്ള പകയിൽ പരശുരാമൻ ലോകം ചുറ്റി സഞ്ചരിച്ച് 21 തവണ അധർമ്മികളായ ക്ഷത്രിയ രാജാക്കന്മാരെ വധിച്ചു.

യുദ്ധങ്ങൾക്ക് ശേഷം മനസ്സമാധാനം തേടിയും പാപപരിഹാരത്തിനായും പരശുരാമൻ തന്റെ ഭൂമി മുഴുവൻ ബ്രാഹ്മണർക്ക് ദാനം ചെയ്തു. തനിക്ക് തപസ്സ് ചെയ്യാൻ പുതിയൊരു ഇടം വേണമെന്ന് കരുതിയ അദ്ദേഹം, പശ്ചിമഘട്ടത്തിന്റെ മുകളിൽ നിന്ന് തന്റെ മഴു കടലിലേക്ക് എറിഞ്ഞു. ആ മഴു വീണ ദൂരം വരെ കടൽ പിൻവാങ്ങുകയും അവിടെ കേരളം എന്ന ഭൂപ്രദേശം രൂപപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

തന്റെ ദൗത്യങ്ങൾ പൂർത്തിയാക്കിയ ശേഷം പരശുരാമൻ മഹേന്ദ്രഗിരി പർവ്വതത്തിൽ തപസ്സിലേക്ക് കടന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്. 

ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള ഭൂമി അദ്ദേഹം കടലിൽ നിന്ന് വീണ്ടെടുത്തു എന്നാണ് വിശ്വാസം.

​ഈ ഭൂമി അദ്ദേഹം ബ്രാഹ്മണർക്ക് ദാനം ചെയ്യുകയും 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാക്ഷേത്രങ്ങളും പ്രതിഷ്ഠിക്കുകയും ചെയ്തു.

ഹിന്ദു വിശ്വാസമനുസരിച്ച് മരണമില്ലാത്ത ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് അദ്ദേഹം.

​"അശ്വത്ഥാമാ ബലിർവ്യാസോ, 
ഹനുമാംശ്ച വിഭീഷണ:
കൃപ: പരശുരാമശ്ച, 
സപ്തൈതേ ചിരജീവിന:"

അശ്വത്ഥാമാവ് 
മഹാബലി 
വേദവ്യാസൻ 
ഹനുമാൻ 
വിഭീഷണൻ 
കൃപാചാര്യർ 
പരശുരാമൻ

ഇങ്ങനെ ഏഴ് പേരാണ് ചിരഞ്ജീവികൾ 

കേരളീയ തന്ത്രശാസ്ത്രത്തിന്റെ ആദിഗുരുവായി കണക്കാക്കപ്പെടുന്നത് പരശുരാമനെയാണ്. ഐതിഹ്യമനുസരിച്ച്, കടലിൽ നിന്നും വീണ്ടെടുത്ത കേരളഭൂമിയിൽ ദേവചൈതന്യം നിലനിർത്തുന്നതിനായി പരശുരാമൻ ഭാർഗ്ഗവതന്ത്രം എന്ന തന്ത്രവിധി ആവിഷ്കരിച്ചു. ഇതിന്റെ തുടർച്ചയായാണ് പിൽക്കാലത്ത് മറ്റു തന്ത്രഗ്രന്ഥങ്ങൾ ഉണ്ടായത്.

മഹാവിഷ്ണുവിൻറെ അവതാരമായ പരശുരാമനെ പ്രീതിപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ കേവലം ഭൗതികം മാത്രമല്ല, അത് മാനസികവും ആത്മീയവുമായ ഉന്നതിക്കും സഹായിക്കുന്നു എന്നാണ് വിശ്വാസം.

ഭയവും മാനസികമായ തളർച്ചയും മാറി ആത്മവിശ്വാസം കൈവരുവാനും,
​പഠനത്തിലും ആയോധന കലകളിലും നൈപുണ്യം ലഭിക്കുവാനും പരശുരാമനെ ഭജിക്കുന്നത് നല്ലതാണ്.

പരശുരാമൻ ഒരു 'അവതാര പുരുഷൻ' എന്നതിലുപരി ഒരു 'മഹാഗുരു' കൂടിയായതിനാൽ, ഏകാഗ്രതയോടെയും ഭക്തിയോടെയും വേണം മന്ത്രപ്രയോഗങ്ങൾ എല്ലാം  ചെയ്യേണ്ടത്

ദേവം നൌമി രമാപതിം രണപടും 
ഭാസ്വത്കിരീടാഞ്ചിതം, കോദണ്ഡം സശരം കരേണ ദധതം 
വാമേന ചാന്യേന ച; 
ആർത്തത്രാണപടും കുഠാരമസതാം
കണ്ഠച്ഛിദം ഭാസുരം, 
ശ്‌മശ്രുപ്രസ‌രിതാനനം സുരനുതം 
രാമം സദാ ശാശ്വതം.

ലക്ഷ്മിദേവിയുടെ നാഥനും, യുദ്ധത്തിൽ അതിസമർത്ഥനും, തിളങ്ങുന്ന കിരീടം ചൂടിയവനുമായ ഭഗവാനെ ഞാൻ വണങ്ങുന്നു. ഇടതുകൈയ്യിൽ വില്ലും വലതുകൈയ്യിൽ അമ്പും ഏന്തിയവനും, ശരണാഗതരായവരെ രക്ഷിക്കുന്നവനും, ദുഷ്ടന്മാരുടെ നിഗ്രഹത്തിനായി തിളങ്ങുന്ന മഴു ധരിച്ചവനുമായ അദ്ദേഹത്തെ ഞാൻ സ്തുതിക്കുന്നു. താടിമീശകളാൽ ശോഭിക്കുന്ന മുഖത്തോടു കൂടിയവനും, ദേവന്മാരാൽ വന്ദിക്കപ്പെടുന്നവനും, നിത്യനുമായ ആ പരശുരാമഭഗവാനെ ഞാൻ എപ്പോഴും നമസ്കരിക്കുന്നു.

ഈ ധ്യാന ശ്ലോകത്തിൽ പറഞ്ഞ പ്രകാരം ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു വേണം മന്ത്രങ്ങളെല്ലാം ജപിക്കുവാൻ

പരശുരാമ പ്രീതിക്ക് ഏറ്റവും ഉചിതമായ ദിവസം വെള്ളിയാഴ്ച ആണ്. 
കൂടാതെ വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ അഥവാ അക്ഷയ തൃതീയ ദിവസം പരശുരാമ ജയന്തിദിനമാണ് അന്ന് പരശുരാമ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് അതിവിശിഷ്ടമാണ്.

അന്നേദിവസം വൈകുന്നേരത്തെ 'പ്രദോഷ' സമയത്താണ് പരശുരാമൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ദിവസം ഭക്തർ വ്രതം അനുഷ്ഠിക്കുകയും പരശുരാമ മന്ത്രങ്ങൾ ജപിക്കുകയും ചെയ്യാറുണ്ട്. 

ഓം ഹ്രീം ബ്രഹ്മക്ഷത്ര രൂപായ പരശുരാമായ നമഃ"

പരശുരാമൻറെ ഈ മൂലമന്ത്രം ദിവസവും 108 തവണ ജപിക്കുന്നത് ഉത്തമമാണ്. ഗുരുപദേശത്തോടുകൂടി ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം

ഓം പരശുഹസ്തായ വിദ്മഹേ, 
അക്ഷത രൂപായ ധീമഹി, 
തന്നോ രാമഃ പ്രചോദയാത്"

എന്ന പരശുരാമ ഗായത്രി മന്ത്രം ജപിക്കുന്നതും ഗുണകരമാണ്

പരശുരാമന്റെ കൈവശമുള്ള 'പരശു' അഥവാ കോടാലി വെറുമൊരു ആയുധമല്ല; അത് അജയ്യമായ ദൈവീക ശക്തിയുടെയും അറിവിന്റെയും പ്രതീകമാണ്. ആത്മീയമായി ചിന്തിച്ചാൽ, പരശുരാമന്റെ മഴു മനുഷ്യമനസ്സിലെ അഹങ്കാരം, അജ്ഞത എന്നിവയെ വെട്ടിമുറിക്കാനുള്ള ജ്ഞാനത്തിന്റെ പ്രതീകമാണ്. സംസാരസാഗരത്തിൽ അഥവാ ജീവിതചക്രത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ആയുധമായി ഇതിനെ കാണുന്നു.

പരശുരാമൻ അജയ്യനായ വീരനാണ്. അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിലൂടെ ശത്രുക്കളിൽ നിന്നുള്ള ഭയം മാറുകയും, ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുകയും ചെയ്യുന്നു. ദുഷ്ടശക്തികളിൽ നിന്നും ദോഷങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുവാനും പരശുരാമ ഭജനം ഉത്തമമാണ്.

മാനസികമായ തളർച്ച അനുഭവിക്കുന്നവർക്കും ഭീരുത്വം ഉള്ളവർക്കും പരശുരാമപ്രീതി വലിയ ആശ്വാസം നൽകും. ഉറച്ച തീരുമാനങ്ങൾ എടുക്കാനുള്ള കരുത്തും ആത്മബലവും ഇത് പ്രദാനം ചെയ്യുന്നു.

ജ്യോതിഃശാസ്ത്രപ്രകാരം ശക്തിയുടെയും ആയുധത്തിന്റെയും ദേവനായ പരശുരാമനെ ഭജിക്കുന്നത് ചൊവ്വാ ദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ഭൂമി സംബന്ധമായ കേസുകളിൽ വിജയിക്കാനും ഭൂമി ദോഷങ്ങൾ മാറാനും ഇത് നല്ലതാണെന്ന് കരുതപ്പെടുന്നു.

പരശുരാമൻ ഒരു മഹാഗുരുവാണ്. ഭീഷ്മർക്കും കർണ്ണനും ആയോധനവിദ്യ പകർന്നുനൽകിയ അദ്ദേഹം ധനുർവേദത്തിന്റെ അധിപനാണ്. അതിനാൽ
​ആയോധന കലകൾ, കളരിപ്പയറ്റ് പോലുള്ളവ അഭ്യസിക്കുന്നവർക്കും,
​കായികവിദ്യകളിൽ ഏർപ്പെടുന്നവർക്കും,
​വിദ്യഭ്യാസത്തിൽ ഏകാഗ്രത കുറവുള്ളവർക്കും പരശുരാമപ്രീതി ഗുണകരമാണ്.

സപ്തചിരഞ്ജീവികളിൽ ഒരാളായതിനാൽ, അദ്ദേഹത്തെ സ്മരിക്കുന്നത് ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രോഗപീഡകളിൽ നിന്നുള്ള മോചനത്തിന് പരശുരാമ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമാണ്.

തന്റെ കർമ്മങ്ങൾക്കിടയിൽ സംഭവിച്ച പാപങ്ങൾ കഴുകിക്കളയാൻ പരശുരാമൻ ഭാരതത്തിലുടനീളം തീർത്ഥാടനം ചെയ്യുകയും ക്ഷേത്രപ്രതിഷ്ഠ നടത്തുകയും ചെയ്തിരുന്നു  അതുകൊണ്ട് തന്നെ, പൂർവ്വകർമ്മ ദോഷങ്ങൾ നീങ്ങാനും മനഃശാന്തി ലഭിക്കാനും പരശുരാമനെ പ്രീതിപ്പെടുത്തുന്നത് വളരെയധികം ഗുണകരമാണ്.

കേരളത്തിലെ പ്രധാന പരശുരാമ ക്ഷേത്രമായ തിരുവനന്തപുരത്തെ തിരുവല്ലം ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുന്നത് പിതൃക്കളുടെ പ്രീതിക്ക് അത്യുത്തമമായി കരുതപ്പെടുന്നു.

Comments

Popular posts from this blog

തിരുവാതിര